ഇനി ഉപദേശമില്ല; നടപടികളെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലാ ഇടനാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇനി ഉപദേശമില്ല നടപടികള്‍ കടുപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്ത് സ്‌കൂളുകളുടെയെല്ലാം നിലവാരം ഗവണ്‍മെന്റ് മെച്ചപെടുത്തിവരികയാണ് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇത്ര ഭംഗിയായി കൊണ്ട് പോകാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. അനുകൂല സാഹചര്യമുണ്ടാകുമ്പോള്‍ തന്നെ സ്‌കൂളുകള്‍ തുറക്കും രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇനി ഉപദേശങ്ങള്‍ക്ക് സ്ഥാനമില്ല.നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി  തോമസ് ഐസക് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.ഇടനാട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാണി സി കപ്പന്‍ എംഎല്‍എ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുമതി ഗോപാലകൃഷ്ണന്‍, കെ.ജെ പ്രസാദ്, വി.ആര്‍ ഷൈല, എസ് ഹരി മഞ്ഞക്കുന്നേല്‍,  ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.