കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം
 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറുന്നു. 8 മുതൽ 12 വരെയുള്ള 45000 ക്ലാസുമുറികളാണ് സ്മാർട്ട് ആയത്. കൂടാതെ 13000 ഓളം പ്രൈമറി സ്കൂളുകളിലും ഐ.ടി. ലാബുകൾ സ്ഥാപിച്ചു. മുഴുവൻ അധ്യാപകർക്കും ഐ.ടി പരിശീലനം നൽകി. 

 


ഇത് ലോകത്ത് തന്നെ മറ്റൊരിടത്തും പൊതു ഉടമയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാവാത്ത ഒന്നാണ്. ഇതു വഴി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയാണ്.
 


 

സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോ. 12 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ഓരോ മണ്ഡലത്തിലും തെരഞ്ഞെടുത്ത സ്കൂളിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം സമ്പൂർണ ഡിജിറ്റലായതിന്റെ പ്രഖ്യാപനവും നടക്കും. 

 


ഒപ്പം തന്നെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഡിജിറ്റലായി മാറുന്നതിന്റെ പ്രഖ്യാപനം സ്കൂൾ തലത്തിലും നടക്കും. മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർ വരെയുള്ള മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി എന്ന സവിശേഷതയും ഇതിനുണ്ട്. മുഴുവൻ ആളുകൾക്കും പരിപാടി കാണാൻ വിക്ടേഴ്സ് ചാനൽ, മുഖ്യമന്ത്രിയുടെ FB പേജ് , യൂ ട്യൂബ് ചാനൽ എന്നിവയിലൂടെ അവസരം ലഭിക്കും.