പരിശോധനയ്ക്ക് കളക്ടറും; പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴ ഈടാക്കി

 


ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്പോഴും  രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതില്‍ പലരും വീഴ്ച്ച വരുത്തുന്നതായി ഇന്ന് കോട്ടയം നഗരത്തില്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ വ്യക്തമായി.


മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൊതു സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതുമൊക്കെ നമ്മുടെയും നാടിന്‍റെയും സുരക്ഷയ്ക്കുവേണ്ടിയാണ്. ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടും ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. 


ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യവ്യാപാര ശാലകള്‍ തുടങ്ങി പല സ്ഥലങ്ങളിലും കോവിഡ്  നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയും വീഴ്ച്ച വരുത്തിയ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും പിഴ ഈടാക്കുകയും ചെയ്തു.


നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള  നടപടികള്‍ സ്വീകരിക്കും.


രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാര്‍  കോട്ടയം ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 1192 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.


പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക,  മാസ്ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക,വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയൊടുക്കേണ്ടിവന്നത്. മാസ്ക് ധരിക്കാത്തതിനും ശരിയായ രീതിയില്‍ ധരിക്കാത്തിനുമായി 737 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 


ക്രമിനല്‍ നടപടി നിയമം 21 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഒരു സെക്ടര്‍ മജിസ്ട്രേറ്റിനും   മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്ടറുകള്‍ തിരിച്ചുമാണ് ചുമതല നല്‍കിയിരിക്കുന്നത്.


പൊതു സ്ഥലങ്ങള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എമ്മുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള നിരോധാനജ്ഞയുടെ ലംഘനവുമാണ് ഇവര്‍ പ്രധാനമായും പരിശോധിക്കുന്നത്.


നിയമലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുന്നതിനും പിഴ ഇടാക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനുമുള്ള അധികാരം സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്കുണ്ട്.