ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


എരുമേലി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബിലിവേവ്‌സ് ചര്‍ച്ചിനുവേണ്ടി അയ്‌ന ട്രസ്റ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി വിധി. 2263 ഏക്കര്‍ ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 


തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ വില കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നായിരുന്നു അയ്‌ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദം. അത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന് മുന്നോട്ടുപോകാം. 


നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്ന നടപടികള്‍ ഇതോടെ മരവിക്കും. നിയമനടപടികള്‍ അടക്കം സ്വീകരിച്ച് മുന്നോട്ടുപോകാന്‍ സമയമെടുക്കുന്നതോടെ എരുമേലി വിമാനത്താവള നടപടികള്‍ ഇനി വൈകുമെന്നാണ് വിലയിരുത്തല്‍.