അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകൾ പുസ്തക പ്രകാശനം നടത്തി


ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തീകരിച്ച് പച്ചത്തുരുത്തുകളുടെ വിശദാംശങ്ങളടങ്ങിയ "അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകൾ" പുസ്തകപ്രകാശനം ഹരിതകേരളം മിഷന്‍ ജില്ലാ അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ പ്രോജക്ട് ഡയറക്ടർ പി. എസ്. ഷിനോയ്ക്ക് നൽകി നിർവഹിച്ചു.

.തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം, സാമൂഹിക വനവത്ക്കരണ വിഭാഗം, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുണ്ട്.

.കായലോര സംരക്ഷണത്തിനായി കുമരകം, ചെമ്പ്, ഉദയനാപുരം എന്നിവിടങ്ങളിലെ കണ്ടൽ തുരുത്തുകൾ വിനോദസഞ്ചാര മേഖലയായ ഇല്ലിക്കൽകല്ല് പച്ചത്തുരുത്ത്, മെഡിക്കൽ കോളേജിലെ ഗ്രീൻബെൽറ്റ് പച്ചത്തുരുത്ത്, വഴിയോര വിശ്രമ കേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി 26-ാംമൈല്‍, ചങ്ങലപാലം, ഇടത്തറക്കടവ്, വടവാതൂര്‍ ബണ്ട് റോഡ്, പള്ളം ബ്ലോക്കിലെ സവിശേഷ പച്ചത്തുരുത്ത് തുടങ്ങി 130 പച്ചത്തുരുത്തുകളാണ് കോട്ടയം ജില്ലയിൽ നിർമ്മിച്ചിരിക്കുന്നത്.ഹരിതകേരളം മിഷൻ മുന്നോട്ടുവെച്ച ആശയങ്ങളുടെയും കേരളത്തിലെ പാരിസ്ഥിതിക ബോധത്തെയും ജീവനുള്ള അടയാളങ്ങളായി മാറുകയാണ് ഈ പച്ചത്തുരുത്തുകൾ. ചടങ്ങിൽ വൈസ് പ്രസിഡണ്ട്. ഡോക്ടർ ശോഭ സലിമോന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി ,സെക്രട്ടറി സിജു തോമസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രമേശ് പി ,റിസോഴ്സ് പേഴ്സൺ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.