രാമപുരം റോഡിൻ്റെ പുനരുദ്ധാരണ പണികൾക്കു തുടക്കമായിപാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച പാലാ - രാമപുരം റോഡിൻ്റെ പണികൾ മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും നന്ദി രേഖപ്പെടുത്തി.

മാണി സി കാപ്പൻ എം എൽ എ നൽകിയ നിവേദനത്തെത്തുടർന്ന് 3 കോടി 83 ലക്ഷം രൂപയാണ് റീ ടാറിംഗിനായി സർക്കാർ അനുവദിച്ചത്. പാലാ മുതൽ കരൂർ ജംഗ്ഷൻ വരെ ഒരു കോടി 80 ലക്ഷം രൂപ ശബരിമല റോഡ് വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. കരൂർ മുതൽ രാമപുരം ജംഗ്ഷൻ വരെയുള്ള റീ ടാറിംഗിന് 2 കോടി 3 ലക്ഷം രൂപയും ചെലവൊഴിക്കും. ശബരിമല തീർത്ഥാടകരുടെ പ്രധാനപാതയാണിത്.  

മഴ മാറിയാലുടൻ ഭരണങ്ങാനം - അസ്സീസി - പാരലൽ റോഡ്, എരുമം പടി - ഏഴാച്ചേരി - കുരിശുപള്ളി റോഡ്, വാകക്കാട് - തഴക്കവയൽ - ഞണ്ടുകല്ല് റോഡ്, അടുക്കം - മേലടുക്കം റോഡ്, എലിവാലി - ആലമറ്റം റോഡ്, മന്നനാനികടവ് മാളിയേക്കൽ - മൂലേത്തുണ്ടി റോഡ്, നെച്ചിപ്പുഴൂർ - ഇളപൊഴുത് - ചക്കാമ്പുഴ റോഡ്, നെല്ലിയാനി - പേണ്ടാനംവയൽ റോഡ്, തീക്കോയി - ചേരിപ്പാട് - അയ്യമ്പാറ - തലനാട് റോഡ് തുടങ്ങിയവയുടെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികൾക്കും തുടക്കമാകും.

ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ - പൂഞ്ഞാർ റോഡിൻ്റെയും മുരിക്കുംപുഴ - പാറപ്പള്ളി - മുത്തോലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം എൽ എ അറിയിച്ചു. ബേബി സൈമണും എം എൽ എ യ്ക്ക് ഒപ്പമുണ്ടായിരുന്നു.