ബാര്‍കോഴക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് . തെറ്റെന്ന് ജോസ് കെ മാണി

 


ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ എല്ലാം കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. പലതവണ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിട്ടും പുറത്തുവിടാതിരുന്ന റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതിന് പിന്നാലെയാണ് പുറത്തുവന്നത്. കേസ് കോണ്‍ഗ്രസിന്റെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്.  എന്നാൽ ഇത് ഔദ്യേോഗിക റിപോർട്ട് അല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു.


ചെന്നിത്തലയ്‌ക്കെതിരായണ് പ്രധാനമായും റിപ്പോര്‍ട്ട് ഉന്നം വയ്ക്കുന്നത്. കെഎം മാണിയെ കുടുക്കാനാണ് കോഴ കേസ് ചമച്ചത്. ഉമ്മന്‍ചാണ്ടിയ്ക്കും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു. പി.സി ജോര്‍ജ്ജും ഇതില്‍ ഇടപെട്ടു. ജോസഫ് വാഴയ്ക്കന്റെയും അടൂര്‍ പ്രകാശിന്റെയും പേരും എടുത്തുപറയുന്നുണ്ട്. 


രമേശ് ചെന്നിത്തല കെഎം മാണിയ്‌ക്കെതിരെ ഗൂഡാലോചന നടത്തി. പി.സി ജോര്‍ജ്ജുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഡാലോടന നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുണ്ട്. മാണിയെ കുടുക്കണമെന്ന ഉദ്യേശത്തോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാൽ ഉമ്മൻചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങൾ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മാണിയേയും കേരളാ കോൺഗ്രസ് പാർട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കെ. എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോൺഗ്രസിനോടുള്ള വിരോധവും കാരണം ചില കോൺഗ്രസ് നേതാക്കൾ കെ. എം മാണി സർക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാർട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

എന്നാൽ പുറത്തുവന്നത് യഥാർത്ഥ റിപ്പോർട്ടല്ലെന്ന് ജോസ് കെ മാണി പറഞ്ഞു.