Latest News
Loading...

പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ അശ്ലീലം; ഒരാള്‍ അറസ്റ്റില്‍



പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും നവമാധ്യമങ്ങള്‍ വഴി അശ്ലീലം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവില്‍ ഈരാറ്റുപേട്ട മാതാക്കല്‍ ഭാഗത്ത് താമസിക്കുന്നയാളുമായ കളരിക്കല്‍ വീട്ടില്‍ മസ്താന്‍ മുജീബ് ഖാനെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 



ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ നിരവധി  കേസുകളിലെ പ്രതിയാണ് മസ്താന്‍ മുജീബ് ഖാന്‍. സിദ്ധന്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് പണം തട്ടിയതിനെതിരായി ഇയാള്‍ക്കെതിരേ ആലപ്പുഴയില്‍ കേസ് നിലവിലുള്ളതാണ്. കൂടാതെ കടം നല്‍കിയ പണം തിരികെ വാങ്ങാന്‍ എത്തിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരേ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ഉള്ളതാണ്.



ഡി.ജി.പി., കോട്ടയം ജില്ലാ പോലീസ് മേധാവി, പാലാ ഡി.വൈ.എസ്.പി., വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരായി ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ ഉപയോഗിച്ച് ഇയാള്‍ അസഭ്യ പ്രചാരണം നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരായി പരാതി വ്യാപകമായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 



തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എസ്.ഐമാരായ ജോര്‍ജ് ജോസഫ്, ഷാബുമോന്‍ ജോസഫ്, എസ്.സി.പി.ഒമാരായ ഷിജോ വിജയന്‍, ജസ്റ്റിന്‍ ജോസഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.



നവമാധ്യമങ്ങള്‍ വ്യക്തിഹത്യ, അപവാദ പ്രചാരണം, അശ്ലീല പ്രചാരണം എന്നിവയ്ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.



Post a Comment

0 Comments