കിടങ്ങൂർ റോഡ് വികസന പദ്ധതി 9.50 കോടി അനുവദിച്ചു. - മോൻസ് ജോസഫ്


കിടങ്ങൂർ: കടുത്തുരുത്തി അസംബ്ലി മണ്ഡലവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കിടങ്ങൂരിലെ പ്രധാനപ്പെട്ട രണ്ട് റോഡ് വികസന പദ്ധതികൾക്കായി 9.50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.


     ഏറ്റുമാനൂർ - പാലാ ഹൈവേ റോഡിനെയും, കെ.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിടങ്ങൂർ - മണർകാട് മെയിൻ റോഡ് നവീകരിക്കുന്നതിന് 6.50 കോടി രൂപ അനുവദിച്ചതായി എം.എൽ.എ വ്യക്തമാക്കി.

     ശബരിമല വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ റോഡ് വികസനം നടപ്പാക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ, മുൻ മന്ത്രി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ച് കിട്ടിയിട്ടുള്ളത്. കിടങ്ങൂർ മുതൽ കല്ലിട്ടുനട വരെ ഒരു റീച്ചായി ടെണ്ടർ ചെയ്തു. തുടർന്ന് അയർക്കുന്നം - ഉറവക്കൽ റീച്ചും, മണർകാട് സെൻട്രൽ ജംഗ്ഷൻ വരെ മൂന്നാമത്തെ റീച്ചായിട്ടുമാണ് പ്രവർത്തി ടെണ്ടർ ചെയ്തിരിക്കുന്നത്. 

     കിടങ്ങൂർ - മണർകാട് റോഡ് ഉന്നത നിലവാരത്തിൽ ആദ്യമായി നവീകരിച്ചത് 2008 - 2009 കാലഘട്ടത്തിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന സന്ദർഭത്തിലാണ്. ഇത്രയും വർഷം പിന്നിട്ടെങ്കിലും കേടുപാടുകൾ സംഭവിക്കാതെ റോഡ് സംരക്ഷിക്കപ്പെട്ടത് നിർമ്മാണ രംഗത്ത് ഗുണ നിലവാരം ഉറപ്പ്‌ വരുത്താൻ കഴിഞ്ഞതിലൂടെയാണ്. ഇപ്പോൾ നിലവിലുള്ള ടാറിംഗിന് മുകളിലായി ബി.സി ഓവർ ലേ ടാറിംഗ് നടപ്പാക്കുന്ന വികസന പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. റോഡ് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങളും ഇതോടൊപ്പം നടപ്പാക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു.

     കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ ബ്രിഡ്ജ് - കട്ടച്ചിറ ജംഗ്ഷൻ ബൈപ്പാസ് റോഡിന് 3 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം.എൽ.എ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റോഡിന്റെ വീതി കൂട്ടുന്നത് ഉൾപ്പെടെയുള്ള വികസന കാര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് ധാരണ ഉണ്ടാക്കുന്നതാണ്. കിടങ്ങൂർ ബൈപ്പാസ് റിവർ വ്യൂ റോഡ് എന്ന നിലയിൽ മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി