കൂടല്ലൂർ പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാ സ്ഥാപനം ഒക്ടോ: 17ന്


 കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന പുതിയ ഒ.പി  ബ്ലോക്ക് കെട്ടിട സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം ഒക്ടോ: 17 ശനിയാഴ്ച, രാവിലെ 10.30 ന്, സംസ്ഥാന ആരോഗ്യ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിക്കുമെന്ന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.


     കേരള സർക്കാർ എൻ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ വിനിയോഗിച്ച് കൊണ്ടാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.

     പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൂടല്ലൂർ ഗവ: ആശുപത്രിക്ക് ഇപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ വളരെ പരിമിതമാണ്. ഓരോ ദിവസവും കൂടുതൽ രോഗികൾ ചികിത്സയ്ക്ക് എത്തുന്ന കൂടല്ലൂർ ഗവ: ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ജോമോൻ, ബ്ലോക്ക് മെമ്പർ ജോസ് തടത്തിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ:ഷിജി വർഗീസ് എന്നിവർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് എത്രയും പെട്ടെന്ന് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.

     കൂടല്ലൂർ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാ സ്ഥാപനത്തോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കൂടല്ലൂർ സെന്റ്: ജോസഫ് ദേവാലയത്തിന്റെ പാരിഷ് ഹാളിൽ ഉദ്ഘാടന സമ്മേളനം നടത്തുന്നതിന് ആശുപത്രി എച്ച്.എം.സി യോഗം തീരുമാനിച്ചു. ഒക്ടോ:17 രാവിലെ 10.30 ന്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതിന് ശേഷം ചേരുന്ന പൊതു യോഗത്തിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ശ്രീ തോമസ് ചാഴികാടൻ എം.പി, ശ്രീ ജോസ്.കെ.മാണി എം.പി എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ്, എൻ.എച്ച്.എം, ജില്ലാ പ്രോഗ്രാം മാനേജർ ഡോ: വ്യാസ് സുകുമാരൻ എന്നിവർ പദ്ധതി വിശദീകരണം നടത്തുന്നതാണ്. ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നതാണ്.

     കൂടല്ലൂർ ഗവ: ആശുപത്രിയുടെ വികസനത്തിന് വേണ്ടി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ 2.37 കോടി രൂപ സർക്കാർ  അനുവദിച്ചത്.