റ്റി. റ്റി വര്‍ക്കി സാറിനെ നാളെ അനുസ്മരിക്കുംസ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും, അദ്ധ്യാപകനും,കോണ്‍ഗ്രസ് നേതാവുമായിരുന്ന റ്റി.റ്റി വര്‍ക്കി സാര്‍ വിട്ടു പിരിഞ്ഞിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചയാള്‍ കൂടിയാണ് ടി.ടി വര്‍ക്കി. 

വാഹന ഗതാഗതവും, സഞ്ചാരവും ഇല്ലാതിരുന്ന കാലത്താണ് പൂഞ്ഞാര്‍  അടിവാരത്ത് അദേഹം ജനിച്ചത്. ദേശീയ പ്രസ്ഥാനത്തില്‍ ചെറുപ്രായത്തില്‍ തന്നെ ആകൃഷ്ടനായ അദേഹം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ആകമാനം കാല്‍നടയായി സഞ്ചരിച്ചു  കോണ്‍ഗ്രസിന്റെ വാര്‍ഡ്, മണ്ഡലം തല കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അടിവാരം സ്‌കൂളിലെ ഒരു മികച്ച അദ്ധ്യാപകന്‍ ആയി തീരുവാന്‍ അദേഹത്തിന് സാധിച്ചിരുന്നു. 

ദീര്‍ഘകാലം പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു വര്‍ക്കി സാര്‍. ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ അടിവാരത്തെ ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണി ഉയര്‍ത്തിയിരുന്ന അവസ്ഥ മുന്‍പ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായി തനിക്ക് ഉള്ള ആത്മബന്ധത്തെ ഉപയോഗപ്പെടുത്തി അടിവാരത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ അദേഹം മുന്നിട്ടിറങ്ങി. 

അതിന്റെ ഫലമായി അടിവാരത്തെ ജനതക്ക് വാസയോഗ്യമായ സ്ഥലവും, വീടും നല്‍കുന്ന  പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. തികഞ്ഞ മനുഷ്യസ്‌നേഹിയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു  വര്‍ക്കി.


ഇച്ഛാശക്തി, സഹനം,  പ്രവര്‍ത്തനചാതുര്യം,  ആശയവ്യക്തത,  അടിയുറച്ച നിലപാടുകള്‍ എന്നിവയാല്‍ അനുഗ്രഹീതമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മികച്ച മാതൃകയാണ് നല്‍കുന്നത്. 

അദേഹത്തിന്റെ സ്മരണാര്‍ത്ഥം നാളെ  നിരവധി പരിപാടികള്‍ ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. രാവിലെ 9 മണിക്ക് ജന്മനാടായ  അടിവാരത്തും, 10 മണിക്ക് പൂഞ്ഞാര്‍ ടൗണില്‍  അദേഹത്തിന്റെ സ്മൃതി മണ്ഡപത്തിലും  പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന്  11.30 ന്  ഈരാറ്റുപേട്ട വെട്ടിപ്പറമ്പ് കരുണ അഭയകേന്ദ്രത്തില്‍ വെച്ച് അനുസ്മരണ സമ്മേളനവും കരുണയിലെ അന്തേവാസികള്‍ക്ക് അന്നദാനവും നടത്തും.