അപ്രതീക്ഷിത കാലാവസ്ഥയും മഴയിലെ ഏറ്റക്കുറച്ചിലുകളും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയെ ആശങ്കയിലാക്കുമ്പോള്‍ മഴയുടെ അളവ് സംബന്ധിച്ച് പ്രാദേശികമായ വിവരങ്ങള്‍ ലഭ്യമല്ലെന്നത് വലിയ വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലെമ്പാടും മഴമാപിനികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മീനച്ചിൽ നദീ സംരക്ഷണസമിതി പ്രവര്‍ത്തകര്‍. അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ പ്രതീക്ഷിക്കുന്നതിനിടയില്‍ സമിതി നേതൃത്വം നല്‍കുന്ന സേവ് മീനച്ചിലാര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍തന്നെ മഴമാപിനികള്‍ സ്‌പോണ്‍സര്‍ ചെയ്ത് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
2018 ലെ പ്രളയകാലം മുതല്‍ സമിതി സേവ് മീനച്ചിലാര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രളയറിപ്പോര്‍ട്ടിംഗും നിരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യം ശക്തമായതെന്ന് സമിതി ജനറല്‍ സെക്രട്ടറി കൂടിയായ എബി ഇമ്മാനുവല്‍ പറഞ്ഞു. മഴ ശക്തിപ്പെടുമ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് പടിഞ്ഞാറന്‍ പ്രദേശം. ഇതോടെ ആ മേഖലയില്‍ നിന്നും വലിയ തോതിലുള്ള അന്വേഷണങ്ങളാണ് എത്തുക. എന്നാല്‍ മഴയുടെ സംബന്ധിച്ച് കൃത്യമായ അളവ് നല്കാനാവാത്തത് പ്രതിസന്ധിയായി. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, കോട്ടയം, കുമരകം, വൈക്കം, കോഴ എന്നിവിടങ്ങളില്‍ മാത്രമാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനികളുള്ളത്. മീനച്ചില്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍
പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്ഥാപിക്കാന്‍ ആലോചിച്ചെങ്കിലും കാലതാമസം ഉണ്ടാകുമെന്നതിനാല്‍ സമിതി അംഗങ്ങള്‍തന്നെ അവ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കിടങ്ങൂര്‍ അടക്കം ചില പഞ്ചായത്തുകളും സഹകരിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. 25-ഓളം മാപിനികള്‍ ഇതിനകം തന്നെ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ഇവ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
മീനച്ചിലാറ്റിലെ ജലനിരപ്പ് സംബന്ധിച്ച് കണക്കുകളിലും വ്യക്തത വരുത്താനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനായി ജലനിരപ്പ് സ്‌കെയിലുകളും സ്ഥാപിക്കാനാണ് തീരുമാനം. ഇതുവഴി വരുംനാളുകളില്‍ പെയ്ത മഴയുടെയും മീനച്ചിലാറ്റിലെ ഉയര്‍ന്ന ജലനിരപ്പിന്റെയും വ്യക്തമായ കണക്ക് ലഭ്യമാക്കാനാണ് മീനച്ചിലാര്‍ സംരക്ഷണസമിതി ശ്രമിക്കുന്നത്.