താമരശേരി രൂപത മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു.


താമരശേരി രൂപത മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി കോഴിക്കോട് നിര്‍മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് 6.45നായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച താമരശേരി മേരീ മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍. 

1996 നവംബര്‍ 11 മുതല്‍ 2010 ഏപ്രില്‍ എട്ട് വരെ 13 വര്‍ഷക്കാലം താമരശേരി രൂപതയുടെ ഇടയനായിരുന്നു. ചുമതല ഒഴിഞ്ഞശേഷം താമരശേരി രൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. തേവര എസ്എച്ച് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടില്‍നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971ല്‍ ബിഷപ് കുണ്ടുകുളത്തിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു.