ലിസി സെബാസ്റ്റിയന്റെ സംസ്‌കാരം ഇന്ന്. അനുശോചനമറിയിച്ച് പ്രമുഖര്‍ഇന്നലെ അന്തരിച്ച കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് നടക്കും. ലിസിയുടെ ആകസ്മിക വേര്‍പാടില്‍ പ്രമുഖര്‍ അനുശോചനമറിയിച്ചു. കേരള ജനപക്ഷം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ലിസി, തനിക്കും പാര്‍ട്ടിക്കും നിര്‍ണ്ണായക ഘട്ടങ്ങളില്‍ കരുത്തുറ്റ വിജയങ്ങള്‍ സമ്മാനിച്ച നേതാവായിരുന്നുവെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ അനുസ്മരിച്ചു.  'പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായി പൊതുപ്രവര്‍ത്തനം ആരംഭിച്ച് ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് പദവിയിലും ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിലും ജനപ്രതിനിധികള്‍ക്ക് മാതൃകാപരവും അനുകരണീയവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ലിസ്സി. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു നഷ്ടം കൂടിയാണ് ഈ വിയോഗം.' കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നതായും പിസി ജോര്‍ജ്ജ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം ലിസ്സി സെബാസ്റ്റ്യന്റെ ആകസ്മിക നിര്യാണത്തില്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുശോചനവും അഗാധ ദുഃഖവും രേഖപ്പെടുത്തി. ഊര്‍ജ്ജസ്വലയും കര്‍മ്മനിരതയും ആയിരുന്ന ലിസ്സി സെബാസ്റ്റ്യന്റെ നിര്യാണം ജില്ലാ പഞ്ചായത്തിനും ഡിവിഷനിലെ ജനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്നും, പരേതയുടെ വികസന രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.