കിടപ്പുരോഗികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണം: ജോസ് കെ. മാണി എം.പി.

പാലാ: നിര്‍ദ്ദനരും ഗുരുതര രോഗബാധിതരുമായ കിടപ്പുരോഗികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. കേരളത്തില്‍ നിരവധി ക്ഷേമ പെന്‍ഷനുകള്‍ നിലവില്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ ഏറ്റവും വേദന അനുഭവിക്കുന്ന പാവപ്പെട്ടവരായ ഗുരുതര രോഗത്തിന് അടിമകളായവര്‍ക്ക് സ്ഥിരമായ ഒരു ആനുകൂല്യവും ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്നില്ല. പരസഹായത്താല്‍ മാത്രം മരുന്നും ചികിത്സയുമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളുടെ ദനയീയാവസ്ഥ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. 


പഞ്ചായത്തുകള്‍ തോറും ഇത്തരത്തില്‍ ദയനീയ അവസ്ഥയില്‍ കഴിയുന്നവരുടെ കണക്കെടുക്കുകയും അവര്‍ക്കായി പുതിയൊരു പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് (എം) മുന്നോട്ട് വയ്ക്കുന്നതായി ജോസ് കെ. മാണി എം.പി. പറഞ്ഞു. കെ.എം. മാണിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റി ജില്ലയില്‍ ഉടനീളമുള്ള നിര്‍ദ്ദനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പാലായില്‍ നടത്തപ്പെട്ട സമാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലത്തില്‍ നിന്നും നിര്‍ദ്ദനരായ 412 കിഡ്‌നി രോഗികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തത്. ഒട്ടനവധി ക്ഷേമപെന്‍ഷനുകളും റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയും കാരുണ്യയും പോലുള്ള ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കിയ കെ.എം. മാണിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് യൂത്ത്ഫ്രണ്ട് (എം) നടപ്പാക്കിയ ഡയാലിസിസ് കിറ്റ് വിതരണവും കോട്ടയം മെഡിക്കല്‍ കോളേജിന് 49 വീല്‍ചെയറുകള്‍ നല്‍കിയ പദ്ധതിയുമൊക്കെ മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്ക് മാതൃകയാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു. കാരുണ്യ എന്നവാക്ക് കെ.എം. മാണിയുടെ പേരിന് പര്യായമായി മാറിക്കഴിഞ്ഞതായി എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കിറ്റുകളുടെ വിതരണോദ്ഘാടനം എം.എല്‍.എ.മാര്‍ നിര്‍വ്വഹിച്ചു. 

യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാല്‍, സാജന്‍ തൊടുക, പെണ്ണമ്മ തോമസ്, കുഞ്ഞുമോന്‍ മാടപ്പാട്ട്, ബിജു ഇളംതുരുത്തിയില്‍, സുനില്‍ പയ്യപ്പള്ളില്‍, ജോസുകുട്ടി പൂവേലില്‍, സന്തോഷ് കമ്പകത്തുങ്കല്‍, ശ്രീകാന്ത് എസ്. ബാബു, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ഫെലിക്‌സ് വെളിയത്ത്, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയില്‍, ഷിജി നാഗനൂലില്‍, ബിജു മഴുവഞ്ചേരി, ജൂബിള്‍ പുതിയമഠം, അലന്‍ കിഴക്കേക്കുറ്റ്, റെനിറ്റോ താന്നിക്കല്‍, ബിനീഷ് പാറാംതോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.