സിനിമയിൽ ജീവിതാവബോധവും രാഷ്ട്രീയവുമുണ്ടാകണം: കമൽ


  സെന്റ് ജോർജ് കോളേജ് അരുവിത്തുറയിലെ മലയാള വിഭാഗവും മാധ്യമപഠന വിഭാഗവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രപഠന ദേശീയ വെബ്ബിനാർ ചലച്ചിത്ര അക്കാദമി ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ  കമൽ ഉദ്ഘാടനം ചെയ്തു. സിനിമയുടെ ജനിതകം: കല, സംസ്കാരം, സാങ്കേതികത എന്ന വിഷയത്തിലുള്ള വെബ്ബിനാർ ഉദ്ഘാടനം ചെയ്തു നടത്തിയ ഓൺലൈൻ പ്രഭാഷണത്തിൽ സിനിമയിൽ കലയും രാഷ്ട്രീയവും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 


സിനിമകളിലൂടെ ചലച്ചിത്രകാരന്മാർ ഭരണകൂടത്തോടും വ്യവസ്ഥിതികളോടും പോരാടുന്നു. ഇന്നത്തെ മികച്ച ലോക സിനിമകളിൽ പലതും പലായനം, അതിജീവനം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്നവയാണെന്നും കമൽ അഭിപ്രായപ്പെട്ടു. പുതിയ കാലത്തിന്റെ സാങ്കേതിക സാദ്ധ്യതകളെ ഉൾക്കൊള്ളുന്ന തരത്തിൽ മലയാള സിനിമ വികസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 


 കോളേജിന്റെ മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ. ജോർജ് പുല്ലുകാലായിൽ, വെബ്ബിനാർ കോർഡിനേറ്റർമാരായ അനിറ്റ ഷാജി, അജിത് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 


മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വെബ്ബിനാറിൽ പ്രശസ്ത ചലച്ചിത്ര നിരൂപകരായ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഡോ. പി.എസ്. രാധാകൃഷ്ണൻ, ഡോ. ജോസ് കെ. മാനുവൽ, ശ്രീ. ബ്ലെയ്‌സ് ജോണി എന്നിവർ സംസാരിക്കും.  സംവിധായകരും സാങ്കേതിക വിദഗ്ധരുമായ ശ്രീ. മഹേഷ്‌ നാരായണൻ, ഡോ. ഷെമിൻ ബി. നായർ എന്നിവരും വെബ്ബിനാറിൽ പങ്കെടുക്കും.