പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജ് കോവിഡ് ആശുപത്രിയാക്കും. പി.സി. ജോര്‍ജ്ജ്


ഈരാറ്റുപേട്ട ബ്ലോക്കിന് കീഴില്‍ വരുന്ന കോവിഡ് രോഗബാധിതര്‍ക്കായി പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ് കോവിഡ് ആശുപത്രിയായി (ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി) മാറ്റും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല അവലോകന യോഗത്തിലാണ് ഈ തീരുമാനം. 


200 മുതല്‍ 500 വരെ രോഗികളെ താമസിപ്പിക്കുവാന്‍ കഴിയത്തക്ക രീതിയിലായിരിക്കും സെന്റര്‍ ക്രമീകരിക്കുക. ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാകും കോവിഡ് സെന്റര്‍ പ്രവര്‍ത്തിക്കുക. 


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആറിനും, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.  ഈരാറ്റുപേട്ട ബ്ലോക്ക് ഡെവലപ്പുമെന്റ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ഉള്‍പ്പെട്ട മാനേജിംഗ് കമ്മറ്റിയ്ക്കും യോഗം രൂപം നല്‍കി.


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ഷാജന്‍ പുറപ്പന്താനം, ഇന്ദിരാ രാധാകൃഷ്ണന്‍, ബിന്ദു സെബാസ്റ്റ്യന്‍, നിഷാ ജോസഫ്, പി.എസ്. ബാബു, നിര്‍മ്മലാ മേഹന്‍, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പ്ലാന്തോട്ടം, പാലാ ഡി.വൈ.എസ്. പി. ബൈജു കുമാര്‍, ഡോക്ടര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.