പാലായില്‍ ഫ്‌ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നുപാലാ: പാലായില്‍ വോളിബോള്‍ കോര്‍ട്ട് എന്ന കായിക പ്രേമികളുടെ സ്വപ്നം മാണി സി കാപ്പന്‍ എം എല്‍ എ യുടെ കരുതലില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായി ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫ്‌ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും സ്‌റ്റേഡിയത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനുമായി മാണി സി കാപ്പന്‍ എം എല്‍ എ 15 ലക്ഷം രൂപ അനുവദിച്ചതായി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിയ്ക്കക്കണ്ടം അറിയിച്ചു. 

എം എല്‍ എ ഫണ്ടില്‍ നിന്നും ഈ ആവശ്യത്തിന് പണം അനുവദിച്ചപ്പോള്‍ ധനകാര്യ വകുപ്പ് ആദ്യം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസമാണ് തടസ്സങ്ങള്‍ നീക്കി അനുമതി നല്‍കിയത്.

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫ്‌ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഇതിനായി പാലായിലെ കായിക പ്രേമികള്‍ നിരവധി നിവേദനങ്ങള്‍ വിവിധ ഇടങ്ങളില്‍ നല്‍കിയിരുന്നു. നിരവധി സംസ്ഥാന  ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കു പാലാ വേദിയിയിട്ടുണ്ടെങ്കിലും പാലായില്‍ നല്ലൊരു വോളിബോള്‍ കോര്‍ട്ട് ഇല്ലാത്തത് പോരായ്മയായിരുന്നു. ഇതിനാണ് മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരംകൂടിയായ മാണി സി കാപ്പന്‍ എം എല്‍ എ യുടെ കരുതലില്‍ പരിഹാരമാകുന്നത്. 


പാലായില്‍ ഏറെ പ്രചാരമുള്ള കായിക ഇനമാണ് വോളിബോള്‍.  ഒട്ടേറെ ചെറുപ്പക്കാര്‍ ഇപ്പോഴും വോളിബോള്‍ കളിക്കുന്നുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് ഈ കളിയെ കായിക പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. എന്നാല്‍  നിലവാരമുള്ള ഒരു കോര്‍ട്ടിന്റെ പോരായ്മ നിലനിന്നിരുന്നു. നിരവധി സംസ്ഥാന  ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കു വേദിയായിട്ടുള്ള പാലായുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നതെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കാന്‍ തുക അനുവദിച്ച മാണി സി കാപ്പനെ കായികപ്രേമികളുടെയും കായിക താരങ്ങളുടെയും യോഗം അഭിനന്ദിച്ചു. ബിനു പുളിയ്ക്കക്കണ്ടം അധ്യക്ഷത വഹിച്ചു.