ഒടുവില്‍ 'കടയുണ്ണി'യെ പാലാ പോലീസ് കുടുക്കി

പാലാ : കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇടുക്കി വെള്ളിയാമറ്റം പാലോന്നില്‍ കടയുണ്ണി എന്നറിയപ്പെടുന്ന പ്രദീപ് കൃഷ്ണനെയാണ് (30) പാലാ സിഐ അനൂപ് ജോസും സംഘവും ചേര്‍ന്ന് പിടികൂടിയത്. കൊല്ലപ്പള്ളി ടൗണില്‍ പാലത്തിനോട് ചേര്‍ന്നുള്ള അന്തീനാട് കുന്നുംപുറത്ത് കെ.എഫ്. ജോസിന്റെ മരിയ സ്‌റ്റോഴ്‌സിലാണ് 2ന് രാത്രി മോഷണം നടന്നത്. 

ഈ കടയില്‍ നിന്നും ലഭിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് കോട്ടയം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നായി പ്രദാപ് തുക പിന്‍വലിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയ്യാള്‍ പിടിയിലായത്. അടച്ചിട്ട കടകള്‍ തുറന്ന് മാത്രം മോഷണം നടത്തുന്ന ഇയ്യാള്‍ കടയുണ്ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. 


മോഷണം നടക്കുന്ന സമയത്തും തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്തും ഇയ്യാള്‍ മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇതേത്തുടര്‍ന്ന് സമാനരീതിയില്‍ മോഷണം നടത്തുന്ന 200ഓളം പേരുടെ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ച അന്വേഷണ സംഘം ഒടുവില്‍ പ്രദീപ് കൃഷ്ണനിലേക്ക് എത്തുകയായിരുന്നു. 

ഇടുക്കി, കാഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ, അയര്‍ക്കുന്നം സ്റ്റേഷനുകളിലായി 15 ഓളം കേസുകളില്‍ ഇയ്യാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു അയര്‍ക്കുന്നത്തെ മോഷണം. എസ്‌ഐമാരായ തോമസ് സേവ്യര്‍, അനില്‍ കുമാര്‍, പോലീസുകാരായ ഷെറിന്‍ സ്റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ ഭാഗത്തുനിന്നാണ് കടയുണ്ണിയെ കസ്റ്റഡിയിലെടുത്തത്. പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലയച്ചു.