പൂഞ്ഞാര്‍ സ്വദേശിയുടെ മൃതദേഹം പാലായില്‍ ദഹിപ്പിച്ചു


മരണശേഷം കോവിഡ് സ്ഥിരീകരിച്ച പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി ബേബിയുടെ മൃതദേഹം പാലാ നഗരസഭയുടെ പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചു. പാലാ രൂപതയില്‍ ആദ്യമായാണ് സഭാ അനുമതിയോടെ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 1-നാണ് ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം കോവിഡ് സാഹചര്യത്തില്‍ ദഹിപ്പിക്കാമെന്ന് രൂപതാ അധ്യക്ഷന്‍ അനുമതി നല്‍കിയത്. 

സെപ്റ്റംബര്‍ നാലിനാണ് ബേബി കുഴഞ്ഞുവീണ് മരിച്ചത്. തുടര്‍ന്ന് പാലാ ജനറലാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മരണകാരണം കോവിഡാണോ എന്ന വ്യക്തമല്ല. 


മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിപിഇ കിറ്റ് ധരിച്ചെത്തിയാണ് ആംബുലന്‍സിലേയ്ക്ക് മാറ്റി പൊതുശ്മശാനത്തിലെത്തിച്ചത്. നാല് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചത്. 

ഇവിടെ നിന്നും ശേഖരിക്കുന്ന ചിതാഭസ്മം, പൂഞ്ഞാറിലെ സെന്റ് മേരീസ് ദേവാലയവക സെമിത്തേരിയിലെത്തിച്ച് യഥാവിധി ചടങ്ങുകളോടെ സംസ്‌കരിക്കും.