ചൂണ്ടച്ചേരി സഹകരണബാങ്ക്‌ ഭരണം ജോസ്‌ വിഭാഗത്തിന്‌ നഷ്ടമായി; പുറത്താക്കിയത്‌ കോണ്‍ഗ്രസ്‌യുഡിഎഫുമായി തെന്നിയ ജോസ്‌ കെ മാണി ഗ്രൂപ്പിനെതിരെ ചൂണ്ടച്ചേരി സര്‍വ്വീസ്‌ സഹകരണബാങ്കില്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌. ബാങ്ക്‌ പ്രസിഡന്റായിരുന്ന ജിമ്മിച്ചനെ അവിശ്വാസപ്രമേയം കൊണ്ടുവന്നാണ്‌ രാജിവെപ്പിച്ചത്‌. ഇന്ന്‌ അവിശ്വസ ചര്‍ച്ച ആരംഭിച്ചതിനൊപ്പം രാജി പ്രഖ്യാപിച്ച്‌ ജിമ്മി പിന്‍മാറി.


കേരള കോണ്‍ഗ്രസ്‌ എം ജോസ്‌ വിഭാഗം പ്രവര്‍ത്തകനായിരുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ജോര്‍ജ്ജ്‌ ജോസഫ്‌്‌ വടക്കേമുളഞ്ഞിനാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതാണ്‌ ജോസ്‌ വിഭാഗത്തിന്‌ തിരിച്ചടിയായത്‌. നേരത്തേ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ജോര്‍ജ്ജ്‌ പിന്നീട്‌ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. പുതിയ രാഷ്ടീയ സാഹചര്യത്തില്‍ ഇദ്ദേഹം പഴയ താവളത്തില്‍ തിരിച്ചെത്തുകയായിരുന്നു.

                                    

ഭരണസമിതി കാലാവധി ഇനി രണ്ടേമുക്കാല്‍ വര്‍ഷംകൂടി ബാക്കിയുണ്ട്‌. വര്‍ഷങ്ങളായി യുഡിഎഫ്‌ ഭരണമാണ്‌ ബാങ്കില്‍ നടക്കുന്നത്‌. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്‌ എമ്മിനും ആറ്‌ വീതം അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. രണ്ടര വര്‍ഷം വീതമാണ്‌ നേരത്തേ പ്രസഡിന്റ്‌ സ്ഥാനം നിശ്ചയിച്ചിരുന്നത്‌. രാഷ്ട്രീയ സാഹചര്യം മാറിയതോടെ കോണ്‍ഗ്രസ്‌ അവിശ്വാസം കൊണ്ടുവരികയായിരുന്നു.


മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായ നിര്‍മ്മല ജിമ്മിയുടെ ഭര്‍ത്താവാണ്‌ ബാങ്ക്‌ പ്രസിഡന്റായിരുന്ന ജിമ്മിച്ചന്‍. പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ്‌ യോഗം ചേര്‍ന്ന്‌ തീരുമാനിക്കും. കേരള കോണ്‍ഗ്രസില്‍ നിന്നും ഇനിയും കൊഴിഞ്ഞുപോക്ക്‌ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്‌. 

 ചൂണ്ടച്ചേരിയില്‍ ഹെഡ്‌ ഓഫീസും പ്രവിത്താനം, പ്രവിത്താനം മാര്‍ക്കറ്റ്‌, ഉള്ളനാട്‌ എന്നിവടങ്ങളില്‍ ബ്രാഞ്ചുകളുമാണ്‌ ബാങ്കിനുള്ളത്‌.