Latest News
Loading...

അധ്യാപകരെക്കുറിച്ചുള്ള മധുര സ്മരണകൾ പങ്കിട്ട് രക്ഷിതാക്കൾ..

പൂഞ്ഞാർ : സ്കൂൾ പഠനകാലത്ത് പ്രിയപ്പെട്ടവരായിരുന്ന അധ്യാപകരെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവയ്ക്കാൻ അവസരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ രക്ഷിതാക്കൾ. ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഏറ്റവും പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹസന്ദേശം നൽകുക എന്ന ഈ പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തവർ നിരവധിയാണ്. 

സ്കൂളിലെ അൻ്റോണിയൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.  ഇതിൻ്റെ ഭാഗമായി,  വീഡിയോ സന്ദേശത്തിൻ്റെയും ഗാനങ്ങളുടെയും  കവിതകളുടെയും ചിത്രങ്ങളുടെയുമൊക്കെ രൂപത്തിൽ അധ്യാപകർക്കുള്ള സ്നേഹസന്ദേശം എത്തി. തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള ജില്ലകളിൽ ജനിച്ചു വളർന്ന ആളുകൾ രക്ഷിതാക്കളിൽ ഉണ്ടായിരുന്നതിനാൽ, വിവിധ പ്രദേശങ്ങളിലെ ഗുരുശിഷ്യബന്ധം സാംസ്കാരിക തനിമയിൽ അവതരിപ്പിക്കപ്പെട്ടു. ചില കുട്ടികളുടെ ഗ്രാൻ്റ് പേരൻ്റ്സ് പഴയ സ്കൂൾകാല  ഓർമ്മകൾ പങ്കുവച്ചത് കൂടുതൽ ഹൃദ്യമായി. 

രക്ഷിതാക്കളുടെ ഈ അവതരണം കുട്ടികൾ ഷൂട്ട് ചെയ്ത് അധ്യാപകർക്ക് അയച്ചു നൽകി. മികച്ച അവതരണങ്ങൾ സ്കൂളിൻ്റെ യൂട്യൂബ് ചാനൽവഴി സംപ്രേഷണം ചെയ്യും. കോവിഡ് കാലത്തെ അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട അധ്യാപകരോടുള്ള ആദരവും സ്നേഹവും ഓൺലൈനായി രക്ഷിതാക്കൾ പ്രകടിപ്പിച്ചത് കുട്ടികൾക്കും നവ്യാനുഭവമായി. സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ., പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ടോം കെ.എ.,  അധ്യാപക കോ-ഓർഡിനേറ്റർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, ജോബിൻ കുരുവിള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments