പാലാ നഗര ഹൃദയത്തില്‍ തലയെടുപ്പോടെ രാഷ്ട്രപിതാവിന്റെ പേരിലുള്ള മികവിന്റെ വിദ്യാലയമായ പാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് രണ്ട് ബഹുനില മന്ദിരങ്ങള്‍ ഇനി സ്വന്തം. സ്വകാര്യ സ്കൂളുകള്‍ക്ക് പോലും ഇല്ലാത്ത ആധുനിക കെട്ടിട സൗകര്യങ്ങളാണ് ഇതോടെ പാലാ ഗവ: സ്കൂളിന് ലഭ്യമായിരിക്കുന്നത്.
2017ല്‍ തന്നെ ധന കാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മൂന്ന് നിലകളോടുകൂടിയുള്ള നവീന കെട്ടിട സമുച്ചയത്തിലാണ് .ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. നേരത്തെ പാലാ മിനി സിവില്‍ സ്റ്റേഷനു പിന്നിലുള്ള കാലപ്പഴക്കം ഉള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം. കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരം 2017ല്‍ ഭരണാനുമതി നല്കി.
4.25 കോടി മുടക്കിലാണ് കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18000 ചതുരശ്ര അടിയില്‍ 3 നിലകളോടുകൂടിയ മറ്റൊരു നവീന കെട്ടിടം കൂടി നിര്‍മാണം പൂര്‍ത്തിയാക്കി സ്കൂളിന് ലഭ്യമായിരിക്കുന്നത്. ഇതോടെ 3 ബഹുനില മന്ദിരങ്ങള്‍ സ്കൂളിനായി നിലവിലുണ്ടാകും.
2018 മെയ് മാസത്തിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ക്ലാസ്സ് മുറികള്‍, അടുക്കള, ഭക്ഷണശാല, ഓഫീസ് മുറികള്‍, ഓഡിറ്റോറിയം, രുചി മുറികള്‍ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. 8000 ലിറ്റര്‍ ജലസംഭരണിയും നിര്‍മ്മിച്ചിട്ടുണ്ട്. സ്കൂള്‍ മുറ്റം പേവിംഗ് ടൈലുകള്‍ പാകി മാനോഹരമാക്കിയിട്ടുമുണ്ട്.
മികവിന്റെ കേന്ദ്രമായിട്ടാണ് ഗവ: സ്കൂള്‍ മാറുക. സെപ്തംബര്‍ 9ന് മുഖ്യമന്ത്രി പിണറായി വിജയന് മന്ദിരം നാടിന് സമര്‍പ്പിക്കും. കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) പദ്ധതിയുടെ ഭാഗമായാണ് മികവിന്റെ വിദ്യാലയമായി സ്കൂള്‍ മാറുന്നത്.