വാഗമണ്ണില്‍ 7 അംഗ സംഘം പിടിയില്‍. കയ്യില്‍ ഹഷീഷ് അടക്കം ലഹരിവസ്തുക്കളും


ഹഷീഷും കഞ്ചാവുമടക്കം ലഹരിവസ്തുക്കളുമായി ഏഴംഗസംഘം വാഗമണ്ണില്‍ പോലീസ് പിടിയിലായി. വാഹനപരിശോധനയ്ക്കിടെ സംഘാംഗങ്ങളുടെ കൈയില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടികൂടുകയായിരുന്നു. സംഘത്തിലുള്ളയാളുടെ സുഹൃത്തായ കോഴിക്കോട് സ്വദേശിനായായ പെണ്‍കുട്ടിയും സംഘത്തിലുണ്ട്. പൂഞ്ഞാര്‍ മറ്റക്കാട് സ്വദേശി മുളയ്ക്കല്‍ പറമ്പില്‍ അജ്മല്‍ഷാ (23), തിരുവന്തപുരം കുടപ്പനമൂട് സലജഭവനില്‍ സിദ്ധു (24), ഇടുക്കി അട്ടപ്പള്ളം പാറയില്‍ നവീന്‍ (23), കോഴിക്കോട് ബാലുശേരി പുത്തൂര്‍വട്ടം തയ്യില്‍ അഖില്‍രാജ് (24), ആലുവ മില്ലുപടി പികെ ഹൗസില്‍ മുഹമ്മദ് ഷിയാസ് (24), തമിഴ്‌നാട് അഴീക്കല്‍ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29), കോഴിക്കോട്  തറപ്പോയില്‍ കര സ്വദേശിനിയായ 20-കാരി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാഗമണ്‍ പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.  ഇതേ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും മേഖലയിലേയ്ക്ക് നിരവധി പേര്‍ എത്തുന്നുണ്ട്.  ഇന്നലെ നടന്ന പരിശോധനയ്ക്കിടെ സംഘാംഗങ്ങളുടെ കൈയില്‍ നിന്നും ഇവ കണ്ടെത്തുകയായിരുന്നു. 

മറ്റക്കാട് സ്വദേശിയായ യുവാവ് മുന്‍പ് കഞ്ചാവ് കേസില്‍ പ്രതിയാണെന്നും ഇപ്പോള്‍ ജാമ്യത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.  പരിശോധനയ്ക്ക് എസ്എച്ച്ഒ ജയസനില്‍, എസ്‌ഐ സോജന്‍, സിയാദ്, നൗഷാദ്, സുനില്‍, പ്രമോദ്, എഎസ്‌ഐ അബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.