ഭരണങ്ങാനം ക്ഷീരഗ്രാമമാകുന്നു. പദ്ധതി പ്രഖ്യാപനം സെപ്റ്റംബര്‍ 7ന്ഭരണങ്ങാനം: പാലുല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള "ക്ഷീരഗ്രാമം" പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മന്ത്രി കെ രാജുവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഭരണങ്ങാനത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.  സംസ്ഥാനത്തെ 25 പഞ്ചായത്തുകളിലാണ് ക്ഷീരവികസന വകുപ്പിൻ്റെ വാർഷിക പദ്ധതി മിൽക്ക് ഷെഡ് ഡെവലപ്പ്മെൻ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിലാണ് മാണി സി കാപ്പൻ്റെ ശ്രമഫലമായി ഭരണങ്ങാനം പഞ്ചായത്ത് ഇടം പിടിച്ചത്.

പദ്ധതി ഭരണങ്ങാനം പഞ്ചായത്തിലെ 13 വാർഡുകളിൽ ഉള്ള ക്ഷീരകർഷകർക്കു ഗുണം ചെയ്യും.

നിലവിൽ പഞ്ചായത്തിൽ 868 കറവപ്പശുക്കളും 30 എരുമകളും ഉണ്ട്. പ്രവിത്താനം, ഭരണങ്ങാനം, കയ്യൂർ എന്നീ സംഘങ്ങൾ വഴി ദിനംപ്രതി 700 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്. കൂടാതെ വലിയ ഫാമുകൾ നടത്തുന്ന സ്വകാര്യ കർഷകർ സ്വന്തമായും പാൽ ഉദ്പാദിപ്പിച്ചു വണം നടത്തുന്നുണ്ട്.

ക്ഷീരകർഷക മേഖലയിലേയ്ക്ക്  കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ 200 ഓളം കർഷകരെ മേഖലയിലേയ്ക്കു കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതുന്നു. തുടർന്നു ഭരണങ്ങാനത്തെ മോഡൽ ഡയറി വില്ലേജാക്കി ഉയർത്തും. പാൽ സംഭരണം 2000 ലിറ്ററാക്കാനും സാധിക്കുമെന്ന് കരുതുന്നു.

ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 99 കറവമാടുകൾ, 16 കിടാരികൾ, തൊഴുത്ത് നിർമ്മാണം, നവീകരണം, കറവയന്ത്രം വാങ്ങൽ എന്നിവയ്ക്കു പുറമേ 152 കർഷകർക്ക് ധാതുലവണ മിശ്രിതം നൽകൽ മുതലായവ നടപ്പാക്കും.

ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹണ കമ്മിറ്റി രൂപീകരണവും ഏഴിന് (07/09/2020) രാവിലെ 10ന് ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാബു എ തോമസ്, ളാലം ക്ഷീരവികസന ഓഫീസർ ലതീഷ് കുമാർ പി വി എന്നിവർ അറിയിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് പ്ലാക്കൂട്ടത്തിൻ്റെ അധ്യക്ഷതയിൽ ക്ഷീരഗ്രാമ പ്രഖ്യാപനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും.