മേലുകാവ് പഞ്ചായത്തില്‍ 62.2 ലക്ഷം രൂപയുടെ പദ്ധതികള്‍



മേലുകാവ് പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാണി സി കാപ്പന്‍ എംഎല്‍എ 62.20 ലക്ഷം രൂപ അനുവദിച്ചു. ജനതാദള്‍ എല്‍ജെഡി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് തുക അനുവദിച്ചത്. 


വാകക്കാട് ഇരുമാപ്രമറ്റം സിഎസ്‌ഐ പള്ളി റോഡ് ടാറിങിന് പത്ത് ലക്ഷം, വാകക്കാട് അഞ്ചുമല പള്ളി റോഡിന് പത്ത് ലക്ഷം, കോണിപ്പാട് വാകക്കാട് മൂന്നിലവ് റോഡില്‍ അഞ്ചുമലകവല ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് 25 ലക്ഷം, വാകക്കാട് ജംങ്ഷനില്‍ പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് നാല് ലക്ഷം, ഇരുമാപ്രമറ്റം സിഎസ്‌ഐ പള്ളി ജംങ്ഷന്‍, വാകക്കാട് ടൗണ്‍, അഞ്ചുമലകവല കുരിശടി ജംങ്ഷന്‍ എന്നീ സ്ഥലങ്ങള്‍ ലോ മാസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 7.20 ലക്ഷം, വാകക്കാട് ഇരുമാപ്രമറ്റം കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും ഉള്‍പ്പടെയാണ് 62.20 ലക്ഷം അനുവദിച്ചത്.


മേലുകാവ് പഞ്ചായത്തിലെ മലയോര മേഖഖലകളുടെ അടിസ്ഥാന വികസനത്തിന് തുക അനുവദിച്ച മാണി സി കാപ്പന്‍ എംഎല്‍എയെ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു. ജോഷ് പി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ജസി ബന്നി, ശ്യാം അലക്‌സ്, വര്‍ക്കിച്ചന്‍ ഇളംപ്ലാശേരിയില്‍, ജിമ്മി തയ്യില്‍, ജോസി ചുങ്കപ്പുര, പി.എസ്. ഷിനോ, വിനോദ് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.