Latest News
Loading...

പാലാ സെന്റ് തോമസ് സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന വി. റ്റി. ഇഗ്‌നേഷ്യസ് (100) നിര്യാതനായി

പാലാ: ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ച് ശതാഭിഷക്തനായ അധ്യാപക ശ്രേഷ്ഠൻ നിര്യാതനായി. പാലാ സെന്റ് തോമസ് സ്കൂൾ പ്രധാനാധ്യാപകനായിരുന്ന വി. റ്റി. ഇഗ്നേഷ്യസ് (100) സാറാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. പാലാ സെന്റ് തോമസ് ഹൈസ്കൂൾ തുടങ്ങി മീനച്ചിൽ താലൂക്കിന്റെ പല മേഖലകളിലും നിരവധിയായ ശിഷ്യസമ്പത്തിനുടമയായിരുന്നു ഇഗ്നേഷ്യസ് സാർ. മുൻ മന്ത്രി കെ. എം. മാണി ശിഷ്യനായിരുന്നു. 

ഈ കഴിഞ്ഞ അധ്യാപക ദിനത്തിൽ ശിഷ്യഗണങ്ങളുടെ ആദരവും സ്നേഹവും ഏറ്റ് വാങ്ങിയിരുന്നു. അധ്യാപക ദിനത്തിൽ അനുമോദന ചടങ്ങിനോട് അനുബന്ധിച്ച് അദ്ദേഹത്തിൻറെ വസതിയിൽ എത്തിച്ചേർന്ന പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരോടും വിദ്യാർത്ഥികളോടും സയൻസ് അധ്യാപകൻ കൂടിയായ അദ്ദേഹം സെൻതോമസ് സ്കൂളിന്റ ചരിത്രവും സ്കൂളിൻറെ വാസ്തുകല സംബന്ധിച്ച ചരിത്രം അവർക്കുമുമ്പിൽ പങ്കുവെക്കുകയുണ്ടായി. 

ബ്രിട്ടീഷ് എഞ്ചിനീയർമാരുടെ വാസ്തുകലാ ശൈലിയിലാണ് സെന്റ് തോമസ് സ്കൂൾ നിർമ്മിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. വാർദ്ധക്യ പരമായ വൈഷമ്യങ്ങൾ അല്ലാതെ പ്രത്യേകമായി യാതൊരു അസുഖവും അദ്ധേഹത്തിന് ഇല്ലായിരുന്നു. നാലു തലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു പോയ ഇഗ്നേഷ്യസ് സാർ വിടപറഞ്ഞതോടൊപ്പം നമുക്ക് നഷ്ടമായത് ഒരു നൂറ്റാണ്ടിൻറെ അനുഭവജ്ഞാനവും അധ്യാപന സമ്പത്തുമാണ്. 

ഭാര്യ: അന്നമ്മ ഞാവള്ളിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, ടോമി, റോയി, ജോസി, ലൗലി, മോളി, ബില്ലി, വിൻസി. മൃതസംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കടനാട് വെള്ളരിങ്ങാട്ട് ഭവനത്തിൽ ആരംഭിച്ച് കടനാട് സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.