പാലാ: മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പുരോഗമന സംസ്‌കാരിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ലൈബ്രറി സാംസ്‌കാരിക സമിതിക്ക് ചരിത്ര വിജയം. ഒന്‍പതംഗ താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ ഏഴും ഏഴംഗ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികളില്‍ അഞ്ചും വീതം സ്ഥാനങ്ങള്‍ നേടിയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തില്‍ മേല്‍കൈയുള്ള ലൈബ്രറി സാംസ്‌കാരിക സമിതി വമ്പിച്ച വിജയം നേടിയത്. ഇരു സമിതികളിലേക്കും യുഡിഎഫിന്റെ രണ്ട് വീതം പ്രതിധികളും തെരഞ്ഞെടുക്കപ്പെട്ടു.
1996ല്‍ രൂപീകൃതമായ മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ കാല്‍ നൂറ്റാണ്ടിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പുരോഗമന സംസ്‌കാരിക മുന്നണി വ്യക്തമായ മേല്‍കൈയോടുകൂടി ആധിപത്യം നേടുന്നത്. കഴിഞ്ഞ തവണ സമിതി പ്രതിനിധിയായ ഡോ. സിന്ധുമോള്‍ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല്‍ ഇതേവരെ എല്‍ഡിഎഫ് പ്രതിനിധികളാരും വിജയിച്ചിരുന്നില്ല. താലൂക്കിലെ 176 ഗ്രന്ഥശാലാ പ്രതിനിധികളില്‍ 174 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഇരുപത്തിയഞ്ചില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പാനലിനെ തകര്‍ത്ത് എല്‍ഡിഎഫ് വിജയം നേടിയത്.
വിജയിച്ചവര്‍: റോയി ഫ്രാന്‍സിസ് (110 വോട്ട്), ഡോ. സിന്ധുമോള്‍ ജേക്കബ് (102), പ്രഭാകരന്‍പിള്ള(88), സി കെ ഉണ്ണികൃഷ്ണന്‍ (86), സണ്ണി ഡേവിഡ് (81), ലീനാ ജോര്‍ജ് (88), കെ എ മോഹനന്‍ (92) എല്ലാവരും ലൈബ്രറി സമിതി.
നിലവിലെ പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയില്‍(95), റോയി എലിപ്പുലിക്കാട്ട്(84) ഇരുവരും യുഡിഎഫ്.
ജില്ലാ ലൈബ്രറി കൗണ്‍സിലേയ്ക്ക് ലൈബ്രറി സാംസ്‌കാരിക സമിതിയുടെ അഡ്വ. ഗോപീകൃഷ്ണന്‍ ( 100), കെ ജെ ജോണ്‍ (84), ബാബു കെ ജോര്‍ജ് ( 89), രമേഷ് ബി വെട്ടിമറ്റം (88), രാജു കെ എസ് (87) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അനില്‍ കുമാര്‍ ബി(86), ആന്‍സമ്മ സാബു (91) എന്നിവരാണ് യു ഡി എഫ് പാനലില്‍ വിജയിച്ചത്.


