ഈരാറ്റുപേട്ട നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 16ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ തുടര്‍ നടപടികള്‍ മാത്രമേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് ടി.എം റഷീദ് സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂല റിപ്പോര്‍ട്ട്. 16ന് നടന്ന തെരഞ്ഞെടുപ്പിന്റെ തുടര്‍ നടപടികളാണ് ഇനി ഉണ്ടാവേണ്ടതെന്ന് കമ്മീഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ കമ്മീഷന്‍ നിലപാട് കോടതി ആരാഞ്ഞിരുന്നു.
3 പേര്‍ മല്‍സരരംഗത്തു വന്നാല്‍ ഒന്നാമതെത്തുന്നയാള്‍ മറ്റ് രണ്ട് പേര്‍ക്ക് കിട്ടിയ വോട്ടുകളേക്കാള്‍ കൂടുതല്‍ ലഭിക്കണം എന്നാണ് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് ചട്ടം റൂള്‍ 8(7)(b) വ്യക്തമാക്കുന്നത്. അതില്ലാത്ത പക്ഷം മൂന്നാമനെ ഒഴിവാക്കി വീണ്ടും വോട്ടിനിടണം. നിലവില്‍ ടി.എം റഷീദിന് 2ഉം 3ഉം സ്ഥാനക്കാര്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ അധികം വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ ലൈല പരീതിനെ ഒഴിവാക്കി വോട്ടിനിടുകയാണ് ഇനിയുള്ള നടപടി.
തെറ്റായി ശരിയായോ ആകട്ടെ, തന്നെ ചെയര്‍മാനായ പ്രഖ്യാപിച്ചതാണെന്നും ചെയര്‍മാന്‍ ക്യാബിനില്‍ തനിയ്ക്ക് പ്രവേശനം നല്‍കണമെന്നും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് റഷീദ് ആവശ്യപ്പെട്ടത്. അതേസമയം വരണാധികാരിയുടെ നടപടികള്‍ നിയമപരമല്ലെന്നും ചട്ടവിരുദ്ധവുമാണെന്ന് വി.എം സിറാജിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടക്കം മുതല്‍ തന്നെ നടപടികള്‍ തെറ്റിയെന്നും അതിനാല്‍ പുതിയ തെരഞ്ഞെടുപ്പുവേണെന്നുമാണ് സിറാജ് ആവശ്യപ്പെട്ടത്. ലൈല പരീതും വി.പി നാസറും ഇതേ ആവശ്യമുന്നയിച്ചു.
തനിക്ക് തെറ്റുപറ്റിയതായും പലരും ഹാള്‍ വിട്ടതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്നുമാണ് വരണാധികാരിയുടെ വിശദീകരണം. അത് ശരിയാണെന്നും കമ്മീഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ടി.എം റഷീദിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വരണാധികാരിയ്ക്ക് സംഭവിച്ച പിഴവിന്റെ ആനുകൂല്യം ടി.എം റഷീദിന് അവകാശപ്പെടാനാവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി കമ്മീഷന്‍ വിലയിരുത്തി. രണ്ടാം റൗണ്ട് നടന്നിട്ടില്ല. ആയതിനാല്‍ നടപടികള്‍ നിര്‍ത്തിയിടത്ത് നിന്നും വീണ്ടും പുനരാരംഭിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തെരഞ്ഞെടുപ്പിന്റെ ആവശ്യം നിലവിലില്ല. ചെയര്‍മാനെ നിലവില്‍ തെരഞ്ഞെടുത്തിട്ടില്ല. നടപടിക്രമങ്ങള്‍ അറിയാത്തത് മൂലം വരണാധികാരി തെറ്റായ പ്രഖ്യാപനം നടത്തുകയാണുണ്ടായത്. വരണാധികാരിയുടെ പിഴവ് 2 കൂട്ടരും എടുത്തുപറഞ്ഞിട്ടുണ്ട്. അതിന്റെ ആനുകൂല്യം നേടാനാണ് ഇരുപക്ഷവും ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.എം റഷീദിനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കും. വൈകുന്നേരത്തോടെ വിഷയത്തില്‍ അന്തിമരൂപമാകും.

