എം.എല്‍.എയായി അധികാരമേറ്റ ശേഷം ദ്രുതഗതിയിലുള്ള നടപടികളിലൂടെ പാലായുടെ പുതിയ എം.എല്‍.എ മാണി സി കാപ്പന്‍. പാലാ രാമപുരം റൂട്ടില്‍ ചക്കാമ്പുഴ വളവില്‍ അപകടത്തില്‍ തകര്‍ന്ന മിറര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊതുമരാമത്തിനെ കൊണ്ട് പുനസ്ഥാപിപ്പിക്കാന്‍ എംഎല്‍എയ്ക്കായി.
ചക്കാമ്പുഴ സ്‌കൂള്‍ വളവിലെ കണ്ണാടി കാറിടിച്ചാണ് ഒരാഴ്ച മുന്‍പ് തകര്‍ന്നത്. വിഷയം പൊതുമരാമത്ത് വകുപ്പിനെ ബോധിപ്പിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന വാദമാണ് അധികൃതര്‍ നിരത്തിയത്. എംഎല്‍എ ഇടപെട്ടെങ്കിലും ഫണ്ടില്ലെന്ന നിലപാട് തന്നെ പിഡബ്ല്യുഡി തുടര്‍ന്നു. ഫണ്ടില്ലെങ്കില്‍ താന്‍ തരുമെന്ന് എം.എല്‍.എ നിലപാടെടുത്തതോടെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതായി.
തിങ്കളാഴ്ച മിറര്‍ സ്ഥാപിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശം വന്നതോടെ ഇന്നലെ ട്രാഫിക് മിറര്‍ സ്ഥാപിക്കുകയായിരുന്നു. അപകടങ്ങള്‍ ഇവിടെ പതിവായതോടെയാണ് മിറര്‍ സ്ഥാപിച്ചിരുന്നത്.

