മൂന്നിലവ്: അഫീലിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി അനുവദിക്കണമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സംസ്ഥാന ജൂനിയർ അമച്വർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് മരണമടഞ്ഞ കുറിഞ്ഞാംകുളത്ത് അഫീലിന്റെ വീട്ടിൽ ആശ്വാസവുമായെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി അഫീലിന്റെ പിതാവ് ജോൺസൺ, മാതാവ് ഡാർളി എന്നിവരെ ആശ്വസിപ്പിച്ചു.
അഫീലിനു അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കോട്ടയം പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോബി അഗസ്റ്റിൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ലേഖാ കൃഷ്ണൻകുട്ടി നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈൻ പാറയിൽ, തലനാട് മണ്ഡലം പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

