Latest News
Loading...

പാലായില്‍ പ്ലാസ്റ്റിക് ഒഴിവാക്കി തുണിസഞ്ചി പദ്ധതിയ്ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം



പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി ഗാന്ധിജയന്തി ദിനത്തില്‍ പാലായില്‍ തുടക്കം കുറിക്കും. ഒരു ഉപയോഗം കഴിഞ്ഞ് തെരുവുകളിലേക്കും ഓടകള്‍, കൈത്തോടുകള്‍, പുഴകള്‍ എന്നിവിടങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം തുണി ക്യാരിബാഗുകള്‍ നല്‍കുന്നതാണ് പദ്ദതി.  മുനിസിപ്പല്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ വച്ച് രാവിലെ 10.30 ന് വിതരണ ഉദ്ഘാടനം മാണി സി. കാപ്പന്‍ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, ഇന്ത്യ സിറ്റിസണ്‍ ഫോറം, സഫലം 55 പ്ലസ്, പൗരാവകാശ സമിതി, കെ.ജെ.പി. എന്നീ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി കോട്ടണ്‍ തുണിയില്‍ തയ്ച്ചതാണ് ഈ ബാഗ്. രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകുന്ന വീട്ടമ്മമാര്‍ക്ക് വൈകിട്ട് ഈ പേഴ്‌സ് തുറന്നാല്‍ വലിയൊരു തുണിക്യാരിബാഗില്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി കൊണ്ടുനടക്കാന്‍ കഴിയുന്നതാണ്. 

കേരള പ്രോജക്ട് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഒരു ബാഗിന് 80 രൂപ മുതല്‍മുടക്ക് വരുന്നതാണ്. ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ., സി.എഫ്., സി.ഐ.സി.ഐ., ചെറുപുഷ്പം ഹോസ്പിറ്റല്‍ ട്രസ്റ്റ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എഫ്.സി.സി. അല്‍ഫോന്‍സാ പ്രൊവിന്‍സ്, സി.എം.സി. ജയമാതാ പ്രൊവിന്‍സ് എന്നീ സ്ഥാപനങ്ങളാണ് ബാഗ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഒരാഴ്ചയില്‍ ഒരു ഭവനത്തില്‍ 20 പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ എത്തുന്നുണ്ട്. അതായത് ഒരു വര്‍ഷം 1000 അഥവാ മൂന്നുകൊല്ലംകൊണ്ട് 3000 ക്യാരിബാഗുകള്‍. ഈ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന തുണി സഞ്ചിക്ക് 3 വര്‍ഷത്തെ ആയുസ് കണക്കാക്കിയാല്‍ ഒരു തുണിസഞ്ചികൊണ്ട് 3000 പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കപ്പെടുന്നു. 10000 കുടുംബങ്ങള്‍ ശീലമാക്കുംവഴി മൂന്ന് കൊല്ലംകൊണ്ട് ഒഴിവാക്കപ്പെടുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ എണ്ണം 3 കോടിയാണ്. അതുകൊണ്ട് ശീലങ്ങളില്‍ മാറ്റം വരുത്തി പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്നും രക്ഷനേടാം. പ്രകൃതിയെ മാലിന്യമുക്തമാക്കുന്നതിനും വരുംതലമുറകളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും ഇതുമൂലം സാധിക്കുന്നതാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.