ഈരാറ്റുപേട്ട : ഓൺലൈനിലും ഓഫ് ലൈനിലും വിവിധ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങളുമായി ശ്രദ്ധേയമായ എന്റെ ഈരാറ്റുപേട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഇനി പുസ്തക പ്രസാധന രംഗത്തേക്കും. 
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയും എന്റെ ഈരാറ്റുപേട്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് പുസ്തകോത്സവത്തിലാണ് എന്റെ ഈരാറ്റുപേട്ടയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. 'എന്റെ ഈരാറ്റുപേട്ട ബുക്‌സ്' അഥവാ 'E E ബുക്‌സ്' എന്ന പേരിലാണ് പ്രസിദ്ധീകരണങ്ങൾ ഇറക്കുക. 

സോഷ്യൽ മീഡിയ സൗഹൃദങ്ങൾ വഴിയാണ് പ്രസാധനത്തിന് ആവശ്യമായ ഫണ്ട് സമാഹരിച്ചത്. 
E E ബുക്‌സിന്റെ ആദ്യ പുസ്തകമായി എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പംഗം തന്നെയായ നഹാസ് ഖാൻസൻ എഴുതിയ അഞ്ച് ചെറുകഥകളുടെ സമാഹാരമായ 'പഞ്ചദളങ്ങൾ' ഈ മാസം 21 മുതൽ 24 വരെ പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.  ഗ്രൂപ്പ് അംഗങ്ങളുടെയുൾപ്പെടെയുള്ള രചനകൾ ഉൾപ്പെടുത്തി ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ E E ബുക്‌സിൽനിന്ന് പ്രതിക്ഷിക്കാമെന്ന് എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പ് അഡ്മിൻ നസീബ് വട്ടക്കയം വാർത്താ കുറിപ്പിൽ അറിയിച്ചു.